News Room
Keraleeyam Seminar on Kerala Diaspora
കേരളീയം മീഡിയ സെന്റർ, കനകക്കുന്ന്
വാർത്താക്കുറിപ്പ് (15)
5 നവംബർ 2023
കേരളീയം സെമിനാർ/ കേരളവും പ്രവാസി സമൂഹവും
കുടിയേറ്റത്തിന്റെ പുതിയ മാനങ്ങൾ ചർച്ച ചെയ്ത് കേരളീയം പ്രവാസ സെമിനാർ
പ്രവാസത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും അടയാളപ്പെടുത്തി കേരളീയം സെമിനാർ. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ‘കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തിൽ നോർക്ക സംഘടിപ്പിച്ച സെമിനാറിൽ കുടിയേറ്റത്തിന്റെ പുതിയ മാനങ്ങളും പ്രവണതകളും വെല്ലുവിളികളും ചർച്ചയായി. ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ബ്രെയിൻ വെയ്സ്റ്റ് വരെ നാലു മണിക്കൂർ നീണ്ട സെമിനാറിൽ ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ടു. പ്രവാസിഗ്രാമസഭയും എയ്ഞ്ചൽ ഫണ്ടിങ്ങും മുതൽ ഭരണനിർവഹണത്തിലെ പ്രവാസി പങ്കാളിത്തം വരെയുള്ള വൈവിധ്യമാർന്ന ഒട്ടേറെ നിർദേശങ്ങൾ വിദഗ്ധരുടെയും സദസ്സിന്റെയും ഭാഗത്ത് നിന്ന് ഉയർന്നു.
പ്രവാസികൾക്കായി ഇന്ത്യയിൽ ഏറ്റവുമധികം സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ആമുഖ ഭാഷണത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായി കോടിക്കണക്കിനു രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും അതിലെ മുന്തിയ ശതമാനവും സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും പോലുള്ള പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായിരുന്നു. അതുകൊണ്ട് പ്രവാസി പണം കൊണ്ട് മുന്തിയ തൊഴിൽ സാധ്യതകളോ വൻകിട മൂലധന നിക്ഷേപമോ ഇവിടെ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് പ്രവാസത്തിൽ നിന്ന് വ്യത്യസ്തമാണ് വികസിത രാജ്യങ്ങളിലേക്കുള്ള പുതിയ വിദ്യാർഥി കുടിയേറ്റം. 50-60 ലക്ഷം രൂപയുടെ കടഭാരമാണ് ഇവരിൽ പലർക്കുമുള്ളത്. പഠനശേഷം ഇവർ കേരളത്തിലേക്കു തിരിച്ചുവരുമെന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടു തന്നെ ക്രിയാത്മകമായ മനുഷ്യവിഭവ ശേഷി, അവർ ചെലവാക്കുന്ന പണം എന്നിവ നഷ്ടമാകുന്നത് കേരളം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. കൂടാതെ അനധികൃത കുടിയേറ്റവും പ്രവാസികളുടെ തിരിച്ചുവരവും മറ്റു വെല്ലുവിളികളാണ്. നവകേരളത്തിന്റെ വളർച്ചയിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്നു നടന്ന ചർച്ചയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ പ്രവാസികളും വിദഗ്ധരും പ്രവാസവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങൾ അവതരിപ്പിച്ചു. ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ പ്രവാസി സമൂഹത്തെ സംബന്ധിച്ച നയരൂപവത്കരണത്തിൽ പരിഗണിക്കുമെന്നും കേരളീയത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന നവകേരള വിഷൻ രേഖയ്ക്കായി സമർപ്പിക്കുമെന്നും ചർച്ച ഉപസംഹരിച്ചുകൊണ്ട് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികൾക്കായി സുസ്ഥിര തൊഴിൽ അവസരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഇടപെടലിൽ ആരംഭിക്കാനുള്ള പദ്ധതികൾ ഇതിനകം തന്നെ ആലോചനയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷൻ നിലവിലുണ്ടെങ്കിലും 60 കഴിഞ്ഞ പ്രവാസികളെ പ്രത്യേകമായി പരിഗണിക്കും. പ്രവാസിക്ഷേമത്തിന് കേന്ദ്രസർക്കാർ സാമ്പത്തിക വിഹിതം നൽകണം എന്ന് സെമിനാറിൽ ഉയർന്ന ആവശ്യം പരിഗണിച്ച് ജനപ്രതിനിധികളെ ഉൾപ്പെടുത്തി കേന്ദ്രത്തിൽ കൂടുതൽ സമ്മർദം ചെലുത്തും. പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിനു തയ്യാറാക്കിയ ഡിജിറ്റൽ ഡാറ്റാ പ്ലാറ്റ്‌ഫോം ഉടൻ പ്രവർത്തനമാരംഭിക്കും. അടിസ്ഥാനസൗകര്യ വികസന രംഗത്ത് പ്രവാസി നിക്ഷേപം വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തും. പ്രവാസിനിക്ഷേപം വർധിപ്പിക്കുന്നതിന് ഡയസ്‌പോറ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഡയസ്‌പോറ ബോണ്ട് ആരംഭിക്കണമെന്ന് സെമിനാറിൽ ഉയർന്ന നിർദേശം സ്വാഗതാർഹമാണ്. ലോകത്തിന് കേരളം സംഭാവന ചെയ്ത പുതിയ മാതൃകയായ ലോകകേരളസഭ കൂടുതൽ വൈവിധ്യവത്കരിക്കും. പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തും. വിദ്യാർത്ഥി കുടിയേറ്റം മാനേജ് ചെയ്യുന്നതിന് സ്റ്റുഡന്റ്‌സ് ഫെസിലിറ്റേഷൻ കേന്ദ്രം ആരംഭിക്കും. ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
നോർക്ക ആൻഡ് ഇൻഡസ്ട്രീസ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിഷയാവതരണം നടത്തി. പഴയകാല ഗൾഫ് പ്രവാസികൾ ജന്മനാടുമായുള്ള ബന്ധം മുറിയാതെ നിലനിർത്തുന്നതിൽ ബദ്ധ ശ്രദ്ധരായിരുന്നുവെങ്കിൽ ഇന്ന് ഗൾഫിലെ രണ്ടാം തലമുറക്ക് ഈ വേര് നിലനിർത്താൻ താൽപര്യമില്ലെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായും ചർച്ചയിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഗോൾഡൻ വിസയൊക്കെ വന്നതോടെ ഗൾഫിൽ സ്ഥിരതാമസമാക്കുന്ന പ്രവണത കൂടുന്നുണ്ട്. തിരിച്ചുവന്നാൽ കേരളത്തിൽ വലിയ സാധ്യതയില്ല എന്നതും അവരെ പിന്നോട്ടടിക്കുന്നു. ഇത് മറികടന്നില്ലെങ്കിൽ കേരളം വൃദ്ധസദനം പോലെയാകും. എന്നാൽ കേരളം പോലെ അവസരങ്ങളുള്ള പ്രദേശം ലോകത്തു വേറെ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മക്കൾക്ക് വേണ്ടി രാജ്യം വിട്ട പ്രവാസികളെ ഇന്ന് മക്കൾ മറക്കുകയാണെന്ന ആശങ്ക ഡി സി ഹെൽത്ത് കെയർ ഇൻക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഫൊക്കാന ചെയർമാനുമായ ഡോ. ബാബു സ്റ്റീഫൻ പങ്കുവെച്ചു. ഉന്നതവിദ്യാഭ്യാസം നേടിയവർക്ക് അമേരിക്കയിൽ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജന്മിത്വത്തെ തകർക്കുന്നതിന് അടിത്തറ പാകിയത് പ്രവാസമാണെന്നും തിരിച്ചുവരുന്ന പ്രവാസികളോടുള്ള കേരളീയരുടെ മോശം മനോഭാവത്തിന് അടിസ്ഥാനം ഇതാണെന്നും കേരള പ്രവാസി ക്ഷേമ ബോർഡ് മുൻ ചെയർമാനും മുൻ എം എൽ എയുമായ പി. ടി. കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്‌നങ്ങൾ ആഴത്തിൽ പഠിച്ച ഏക രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അങ്ങിനെയാണ് നോർക്ക വലിയ വകുപ്പായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമം സർക്കാർ ഒരു അജണ്ടയായി ഏറ്റെടുത്തെന്നും 45,000 പേർക്ക് പെൻഷൻ നൽകുന്നുണ്ടെന്നും കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ. വി. അബ്ദുൾ ഖാദർ പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികളെ സമൂഹത്തിൽ ഇഴ ചേർക്കുന്നതിനും അവർക്ക് സുസ്ഥിര ജീവിതവൃത്തി ലഭ്യമാക്കുന്നതിനും സാങ്കേതിക നൂലാമാലകളില്ലാത്ത മികച്ച പദ്ധതികൾ തയ്യാറാക്കണമെന്നും മുൻ ചീഫ് സെക്രട്ടറി ഷീല തോമസ് പറഞ്ഞു. സർക്കാറിന്റെ പുതിയ സംരംഭമായ കേരള റബർ ലിമിറ്റഡിൽ നിക്ഷേപം നടത്തണമെന്ന് അവർ പ്രവാസികളോട് അഭ്യർത്ഥിച്ചു. കേരള സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് പ്രവാസികളെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ഡോ. ഇരുദയ രാജൻ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പിന്മടക്കം കൂടുന്നതായാണ് ഒമ്പതാം കുടിയേറ്റ സർവേ നൽകുന്ന പ്രാഥമിക സൂചനയെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാർ ജോലി തേടി വിദേശത്തേക്കു പോയപ്പോൾ തനിച്ചായിപ്പോയ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠന വിധേയമാക്കണമെന്നും അവർക്ക് സർക്കാർ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പശ്ചാത്തല വികസന രംഗത്ത് ധനലഭ്യത ഉറപ്പാക്കാൻ ഡയസ്‌പോറ ബോണ്ട് അവതരിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് ലോകബാങ്ക് ബഹുമുഖ നിക്ഷേപ ഗ്യാരണ്ടി ഏജൻസിയുടെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായ ദിലീപ് രഥ പറഞ്ഞു. പ്രവാസികളുടെ പിന്മടക്കം എക്കാലത്തും ഉണ്ടായിരുന്നതായും അതിൽ ആശങ്ക വേണ്ടെന്നും നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ വി മുസ്തഫ പറഞ്ഞു. കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ പ്രവാസികളെ കൂടി ഉൾക്കൊള്ളുന്ന സമൂഹമാക്കി കേരളത്തെ മാറ്റണമെന്നും അതിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും നോർക്ക റൂട്ട്‌സ് ഡയറക്ടറും ഖത്തറിലെ പ്രവാസി വ്യവസായിയുമായ സി.വി. റപ്പായി പറഞ്ഞു.
പുറം കേരളത്തിന്റെ മുകളിലുള്ള അകം കേരളത്തിന്റെ വാഴ്ച്ച ജനാധിപത്യപരമായിരുന്നില്ലെന്നും
ഇതു മറികടക്കാൻ സംസ്ഥാനസർക്കാർ എടുത്ത വിപ്ലവകരവും ദീർഘ വീക്ഷണത്തോടെയുമുള്ള ഇടപെടലായിരുന്നു ലോകകേരളസഭ രൂപീകരണമെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗവും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിട്ട. പ്രൊഫസറുമായ ഡോ. കെ എൻ ഹരിലാൽ പറഞ്ഞു. ഭൂമിശാസ്ത്രപരമായ അതിരുകൾ ഇല്ലാതാകുന്ന പുതിയകാലത്ത് പുറം കേരളത്തെ അകം കേരളവുമായി ചേർത്തു പിടിക്കാൻ നിരന്തര ശ്രമം വേണമെന്നും കേരളത്തിന്റെ നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തെ ഗൗരവതരമായ പഠനത്തിന് വിധേയമാക്കുന്നതിന് രണ്ടു സർവകലാശാലകളിലെങ്കിലും സെന്റർ ഫോർ മൈഗ്രേഷൻ ആന്റ് ഡയസ്‌പോറ സ്റ്റഡീസ് ആരംഭിക്കണമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് വിസിറ്റിംഗ് പ്രൊഫസറും കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മൻ പറഞ്ഞു. ആറു മാസ കോഴ്‌സ് പഠിക്കാൻ വലിയ തുക വായ്പയെടുത്ത് യൂറോപ്പിലേക്ക് വിദ്യാർഥികൾ കുടിയേറുന്നത് ബ്രെയിൻവെയിസ്റ്റ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ച യു കെയിലെ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റിലെ ഇന്റർനാഷണൽ വർക്ക്‌ഫോഴ്സ് മേധാവി ഡേവ് ഹോവാർത്ത് യുകെയിൽ ജോലി തേടുമ്പോൾ നിർബന്ധമായും സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യം ശക്തിപ്പെടുത്താൻ പ്രവാസികൾ സംഘശക്തിയായി മാറണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും മോഡറേറ്ററുമായ ഡോ. കെ.രവിരാമൻ അഭിപ്രായപ്പെട്ടു. ശേഷം ചോദ്യോത്തര സെഷൻ അരങ്ങേറി. പ്രവാസികളുടെ സജീവ പങ്കാളിത്തവും ഇടപെടലുകളും കൊണ്ട് ക്രിയാത്മകമായി മാറിയ സെമിനാറിൽ തത്സമയ ആംഗ്യഭാഷാ അവതരണവും നടന്നു.